ബുദ്ധി കൊള്ളാവുന്ന ഒരു സാദ്ധ്യതയാണ്. ജീവിതത്തെ കുറച്ചുകൂടി മികച്ചതാക്കാൻ അത് സഹായിക്കും. ഇന്നു നാം അനുഭവിക്കുന്ന ഭൗതിക സാഹചര്യങ്ങളിലധികവും പ്രകൃതിയിൽ ബുദ്ധി ഇടപെട്ടു നടപ്പിലാക്കിയ അനുഗ്രഹങ്ങളാണ്.

ബുദ്ധി കൊള്ളാവുന്ന ഒരു സാദ്ധ്യതയാണ്. ജീവിതത്തെ കുറച്ചുകൂടി മികച്ചതാക്കാൻ അത് സഹായിക്കും. ഇന്നു നാം അനുഭവിക്കുന്ന ഭൗതിക സാഹചര്യങ്ങളിലധികവും പ്രകൃതിയിൽ ബുദ്ധി ഇടപെട്ടു നടപ്പിലാക്കിയ അനുഗ്രഹങ്ങളാണ്. എന്നാൽ അതേ ബുദ്ധികൊണ്ടുതന്നെ നാം നമ്മുടെ ജീവിതത്തെ നരകതുല്യമാക്കുന്നതാണ് കഷ്ടം. ജാതി മത രാഷ്ട്രീയ ലോകങ്ങളധികവും ബുദ്ധിയെ വകതിരിവില്ലാതെ ഉപയോഗിച്ചതിന്റെ സാക്ഷ്യപത്രങ്ങളായാണ് മുന്നിലുള്ളത്. പിണങ്ങി നില്ക്കുന്നതിനെ ഇണക്കാനാണ് ബുദ്ധി. എന്നാൽ മതം പോലെയുള്ള മനുഷ്യസൃഷ്ടികളിലേക്ക് നോക്കിയാൽ കാണുന്നത് ഒരേ വിശ്വാസധാരയിലുള്ളവർ തന്നെ പിണങ്ങിപ്പിരിഞ്ഞ് പരസ്പരം പോരടിക്കുന്നതാണ്. ബുദ്ധിയേക്കാൾ വികാരതീവ്രതയാണ് അവിടെ സജീവം. ശാസ്ത്രമെന്നത് ബുദ്ധിയുടെ സാദ്ധ്യതയെ പ്രയോജനപ്പെടുത്തിയ ഇടമാണ്. അഭിപ്രായ വ്യത്യാസങ്ങളുണ്ടെങ്കിലും വിഭാഗീയതയും ശത്രുതയും അവിടെ കുറവാണ്. മാത്രമല്ല, നൂറ്റാണ്ടുകളായി നവീകരിച്ചു കൊണ്ടിരിക്കുന്ന അന്വേഷണത്തിന്റെയും അറിവിന്റെയും ഒരു വിശാലലോകം അവിടെയുണ്ട്. അവർ യുദ്ധം ചെയ്യുന്നില്ല. അതിന് പ്രേരിപ്പിക്കുന്നുമില്ല. സൂക്ഷ്മമായ അന്വേഷണത്തിലൂടെ കണ്ടെത്തിയ അറിവ് മനുഷ്യലോകത്തിന് പ്രയോജനകരമാകണം എന്ന ഒരൊറ്റ ഉദ്ദേശമേ അവർക്കള്ളൂ. ആ ഗുണപരമായ അറിവുകളെ വിനാശകരമായി ഉപയോഗിക്കുന്നത് നാം നേരത്തെ സൂചിപ്പിച്ച ജാതി മത വംശ രാഷ്ട്രീയ ബോധങ്ങളാണ്. അല്ലാതെ ശാസ്ത്രജ്ഞരല്ല. ഇനി മറ്റൊന്നുണ്ട്. കല, സാഹിത്യം, സംഗീതം, സിനിമ, മിസ്റ്റിസിസം, തുടങ്ങിയുള്ള സർഗ്ഗാത്മക ലോകങ്ങൾ. സൂക്ഷ്മമായ ബുദ്ധിയുടെ ആവിഷ്ക്കാരങ്ങൾ തന്നെയാണ് ഇതെല്ലാം. അത് എന്നും ഇണക്കത്തെയാണ് പാടിക്കൊണ്ടേയിരിക്കുന്നത്. എല്ലാതരത്തിലുള്ള പിണക്കങ്ങളെയും അതിരുകളെയും മായ്ച്ചു കളയാൻ അത് നിരന്തരം ഒഴുകിക്കൊണ്ടിരിക്കുന്നു. മുളങ്കാട്ടിൽനിന്ന് വേർപെട്ടുപോയ വിരഹമാണ് പുല്ലാങ്കുഴലിൽനിന്ന് ഒഴുകി വരുന്നതെന്ന് റൂമി പാടുമ്പോൾ അത് നമുക്ക് അത്രയും പ്രിയമാകുന്നത് സമാഗമത്തിനായുള്ള വിതുമ്പൽ നമ്മിൽ ഉണർത്തുന്നതിനാലാണ്. മിസ്റ്റിസിസം നമ്മെ ചേർത്തു നിറുത്തുന്നത് ആ വിശാലതയോടായതിനാൽ ശാസ്ത്രം പോലെ അത് മഹത്തരമാണ്. റൂമിയും മീരയും കബീറും ടാഗോറും ടോൾസ്റ്റോയിയും മൊസാർട്ടും ഷഗാലും മോനെയും കുറോസോവയും സത്യജിത്ത് റേയുമെല്ലാം നമുക്കേറെ പ്രിയരാകുന്നത് അതിനാൽ തന്നെയാണ്. ഇരുളകന്ന് വെളിച്ചം നിറഞ്ഞ ആകാശങ്ങൾ നിറഞ്ഞുവരാൻ നമ്മുടെ ബുദ്ധി തെളിഞ്ഞുതെളിഞ്ഞു വരട്ടെ എന്ന പ്രാർത്ഥനയോടെ...

© 2025, Shoukath
All Rights Reserved.